പുതിയ ബ്ലോഗ്

ബ്ലോഗിനകത്തു ഒരു പോസ്റ്റ് ഇടുക എന്നത് തന്നെ എന്നെപ്പോലുള്ള ഒരു മടിയന് പറ്റിയ പണിയല്ല എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം.അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ പുതിയൊരു ബ്ലോഗ്കൂടി തുടങ്ങുന്നു എന്നു കേട്ടാല്‍ ഒരുപക്ഷേ നിങ്ങളില്‍ പലരും ചിരിച്ചേക്കാം.പക്ഷെ എന്ത് ചെയ്യാനാ,അതാണ് സത്യം.അങ്ങനെയൊരു ക്രൂരത ഞാന്‍ മലയാള ഭാഷയോടും എന്നെ സഹിക്കുന്ന പാവം വായനക്കാരോടും ചെയ്യുന്നു.

ഇതാണ്‌ പുതിയ ബ്ലോഗ്

അങ്ങനെ ഞാനും ബൂലോക രംഗപ്രവേശനം ചെയ്തിരിക്കുന്നു.ഇതൊരു മഹാ സംഭവമാണെന്നു ആരും തെറ്റിദ്ധരിക്കരുത്..(plz…) പുതിയ പോസ്റ്റ് ഒന്നുമില്ല.എനിക്കിഷ്ടപ്പെട്ട ഒരു പഴയ പോസ്റ്റില്‍ തുടങ്ങുന്നു.

തുടര്‍ന്നും നിങ്ങളുടെ സഹകരണവും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
                                                                                                                                                                                            സ്വന്തം,
                                                                                                                                                                                              രാഹു‍ല്‍

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under Uncategorized

വിശപ്പിന്റെ വിളി

ഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ തുടങ്ങിയത്. ഇതുവരെ ചിണുങ്ങിക്കൊണ്ടിരുന്ന മൂത്തത്ങ്ങള് രണ്ടിനേം ഒരുജാതിക്കൂടി എങ്ങനോ ഒറക്കിയതാണെന്ന്‍ അയാള്‍ വേദനയോടെ ഓര്‍ത്തു . കരച്ചില്‍ അസഹനീയമായപ്പോള്‍ അയാള്‍ ബീവിയെ വിളിച്ചു.

 ‘ടീ സുഹറേ, അയിന് വല്ലതും കൊടുക്കെടി..’

 …….

അവളുടെ നിശബ്ദത അയാളെ ക്രുദ്ധനാക്കി.

 ‘ഇങ്ങെന്താ ഒന്നും മിണ്ടാത്തെ, നെന്റെ വായിലെന്താ പയം തള്ളി ബെച്ചിക്കോ?’ അയാള്‍ വീണ്ടും ചോദിച്ചു.

‘ഞാനെന്തെടുത്ത്‌ബച്ച് കൊടുക്കണെന്നാ ഇങ്ങള് പറയുന്നേ?’ അവളുടെ സങ്കടം വാക്കുകളായി..

ഓര്‍ക്കാനിഷ്ടമില്ലാത്ത എന്തോ കാര്യം ഓര്‍മ്മിപ്പിച്ചതിലുള്ള പരിഭവത്തോടെ അയാള്‍ വീണ്ടും മൗനത്തിലേക്ക് ഊളിയിട്ടു.

         കുഞ്ഞിന്റെ കരച്ചിലും അവളുടെ മൂളിപ്പാട്ടും ചേര്‍ന്ന് ആ ഓല മേഞ്ഞ കുഞ്ഞു വീടിനകത്ത് വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ അയാള്‍ വീണ്ടും പ്രതികരിച്ചു.

‘ഇങ്ങ് അയിന് കൊറച്ച് മൊല കൊടുക്കെടീ ..’

 പ്രതികരണമായി അവളില്‍ നിന്നും ഒരു ഏങ്ങി കരച്ചില്‍ ഉയര്‍ന്നു തുടങ്ങിയതോടെ അയാള്‍ കട്ടിലില്‍ നിന്നും താഴോട്ടിറങ്ങി അവളോടു ചേര്‍ന്ന് കിടന്നു.അയാളുടെ കൈ വിരലുകള്‍ അവളുടെ പൊക്കിള്‍ ചുഴിയില്‍ താളം പിടിച്ചു.പക്ഷെ അത്തരം സ്നേഹ പ്രകടനങ്ങളൊന്നും അവള്‍ക്കു ആശ്വാസം നല്‍കുകയോ അവളുടെ വികാരങ്ങളെ തഴുകി ഉണര്ത്തുകയോ ചെയ്തില്ല.മറിച്ച് ഒളിച്ചു വെച്ചിരുന്ന സങ്കടങ്ങള്‍ പുറത്തേക്ക് വരുകയായിരുന്നു.

 ‘മൊല വെറുതങ്ങ് വായില്‍ തിരുകി വെച്ചാല്‍ മത്യോ,പാല് വരണ്ടേ ? കഴിഞ്ഞ ഒരാഴ്ചയായി ഞമ്മള് വെറും പച്ച വെള്ളം മാത്രാ കുടിച്ചേ ..പിന്നെങ്ങനാ പാല് വരാ.’.അവള്‍ കരഞ്ഞുകൊണ്ടിരുന്നു.

             അയാള്‍ അവളുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ട് പുറത്തേക്കിറങ്ങി.ചുണ്ടില്‍ എരിയുന്ന ബീഡിയുമായി അയാള്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താന്‍ പിറന്നു വീണത്‌ തന്നെ കഷ്ടപ്പാടുകളുടെ നടുവിലേക്കായിരുന്നു.കുടുംബത്തിന്റെ കണ്ണീരിനു പരിഹാരമാകുമെന്ന് കരുതിയാ വളരെ ചെറുപ്പത്തിലേ അന്യ ദേശത്ത് ചെന്ന് കഷ്ടപ്പെടാന്‍ തുടങ്ങിയത്.ഒരു പരിധി വരെ താന്‍ അതില്‍ വിജയിക്കുകയും ചെയ്തു.തന്റെ മൂത്ത മൂന്നു പെങ്ങന്മാരെ കെട്ടിച്ചയച്ചു.ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി താനും കെട്ടി.പക്ഷെ വളരെ പെട്ടന്നായിരുന്നു ദുരിതങ്ങള്‍ ഇടുത്തീ പോലെ വീണുകൊണ്ടിരുന്നത്.ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കുറെ നാള്‍ ജയിലില്‍…പിന്നെ ആരുടെയൊക്കെയോ ദയവില്‍ നാട്ടിലെ  നിത്യ ദാരിദ്രത്തിലേക്ക്..

           പള്ളിയും പാര്‍ട്ടിയുമായിരുന്നു അവസാന പ്രതീക്ഷ.രണ്ടു കൂട്ടരും ഒരുപോലെ കൈവിട്ടു. ഇനി എന്ത് ചെയ്യും? അരുതാത്തത് പലതും ചെയ്തു കൂടെയുണ്ടായിരുന്നവരൊക്കെ പണക്കാരായപ്പോഴും താന്‍ അള്ളാഹുവില്‍ വിശ്വസിച്ച് നല്ലത് മാത്രം ചെയ്തു.എന്നെങ്കിലും പട്ടിണിയും കഷ്ടപ്പാടുമില്ലാത്ത ഒരു ദിവസം സ്വപ്നം കണ്ടു..പക്ഷെ ഒന്നും നടന്നില്ല,സ്വപ്‌നങ്ങള്‍ കേവലം സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിച്ചു.

             അയാള്‍ അകത്തേക്ക് കയറി.എല്ലാവരും നല്ല ഉറക്കമാണ്.അയാള്‍ വേദനയോടെ ഭാര്യയെ നോക്കി.വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നിക്കാഹ് ചെയ്തു കൊണ്ട് വരുമ്പോള്‍ എങ്ങിനെയിരുന്ന പെണ്ണാ,ഇപ്പം സ്വന്തം കുഞ്ഞിനു കൊടുക്കാന്‍ മൊലപ്പാല്‍ പോലുമില്ലെന്ന ഗതികേടിലേക്ക് താന്‍ അവളെ തള്ളിയിട്ടിരിക്കുന്നു..അയാള്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.ഒടുവില്‍ യന്ത്രികമെന്നോണം അയാള്‍ എഴുന്നേറ്റ് ഷര്‍ട്ട് എടുത്തിട്ട്,പുറത്തേക്കിറങ്ങി.

                   രാവിലെ അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളുമായി അയാള്‍ വീട്ടിലെത്തി.രാവിലെ എഴുന്നേറ്റത് മുതല്‍ അയാളെ കാണാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു ഭാര്യ.

 ‘ഇങ്ങള് ഏട പോയതായിനും? ഞമ്മള് രാവിലെ മുതല്‍ കണ്ടോലോട് മുഴുവനും ചോയിച്ച് ഇങ്ങളെ കണ്ടോന്ന്.’

ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് വീട്ട് സാധനങ്ങളും കുറച്ചധികം പൈസയും അയാള്‍ അവളുടെ കൈയില്‍ കൊടുത്തു.

‘ഇതെവിടന്നാ ഇപ്പം ഇത്രേം പൈസ?’

തന്നെ വലിയങ്ങാടി ചന്തയില്‍ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റെന്ന് പറയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌..പക്ഷെ പറഞ്ഞില്ല,എന്തിനു വെറുതെ അവളെ വിഷമിപ്പിക്കണം..

                 ‘ഞമ്മള് ഒരു വൈക്ക് പോകാ, ഇനി ചെലപ്പം കൊറച്ചു ദിവസം കഴിഞ്ഞേ വരൂ.എണക്ക് പേടിയുണ്ടേല് അപ്പറത്തെ ചെക്കനെ വിളിച്ചു ഇവിടെ നിര്‍ത്തിക്കോ..’ അയാള്‍ അതും പറഞ്ഞു നടന്നു നീങ്ങി.ആ നിമിഷം അയാളുടെ കണ്ണില്‍ ഒളിച്ചിരുന്ന കണ്ണീരിന്റെ നനവ്‌ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

 പിറ്റേന്ന് ഉച്ചക്ക് ടി വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകളുടെ ബഹളം

              “ബാഗ്ലൂരില്‍ ഇരട്ട സ്ഫോടനം.മൂന്നു മലയാളികളെ സംശയിക്കുന്നു..

               പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു സൂചന” ‍ ‍

1 അഭിപ്രായം

Filed under കഥ, Uncategorized

മൂന്നാര്‍ കാഴ്ചകള്‍-1

സ്വാഗതം….

 

3അഭിപ്രായങ്ങള്‍

Filed under ആനുകാലികം, ചിത്രങ്ങള്‍, ഫോട്ടോ

ഇനി അവളെ മറക്കാം ….

അലമാരയില്‍ നിന്നും, അവള്‍ തന്ന ആദ്യ പ്രണയലേഖനം തപ്പിയെടുത്ത് പലതായി കീറി,അടുപ്പിലെ വിറകുകൊള്ളികള്‍ക്കൊപ്പം കത്തിച്ച് ചാമ്പലാക്കി.മേശ വലിപ്പില്‍നിന്നും, ഞങ്ങളൊരുമിച്ചുള്ള ആ പഴയ ഫോട്ടോ ആല്‍ബം പൊടിതട്ടിയെടുത്ത്,അതിലെ മാഞ്ഞു തുടങ്ങിയ വര്‍ണങ്ങളെ പലതരം നിറക്കൂട്ടുകള്‍ കൊണ്ട് കൂടുതല്‍ വികൃതമാക്കി.എട്ടാം ക്ലാസ്സിലെ പഴയ മലയാള പുസ്തകത്തിനകത്ത് ആരും കാണാതെ ഇത്രനാളും സൂക്ഷിച്ചുവെച്ച,അവള്‍ ആദ്യമായി തന്ന പ്രണയസമ്മാനം ;ആ ചുവന്ന റോസാപൂവ് പിച്ചിച്ചീന്തി നിലത്തിട്ടു ചവിട്ടിമെതിച്ചു..അവളുടെ പ്രഥമ ചുംബനം ഏറ്റുവാങ്ങിയ ഇടതു കൈയ്യിലെ മോതിരവിരല്‍ വാതിലിന്റെ വിജാഗിരിക്കിടയില്‍വെച്ച് ഞെരിച്ചമര്‍ത്തിക്കൊന്നു.അവളക്കിഷ്ടമാണെന്നു അവള്‍ പറയാറുണ്ടായിരുന്ന,എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് പിച്ചക്കാരന്റെ ഓട്ടപാത്രത്തിലിട്ടു.അയാള്‍ വേച്ച് വേച്ച് നടക്കവേ അവ ഓട്ടപാത്രത്തിന്റെ വിടവിലൂടെ താഴോട്ട് പോയി.തക്കം പാര്‍ത്തിരുന്ന ഒരു ചാവാലിപ്പട്ടി അതും കടിച്ചെടുത്ത്‌ എങ്ങോട്ടോ ഓടിപ്പോയി.അവളെ ആദ്യമായി നെഞ്ചോടു ചേര്‍ത്ത് പിടിച്ച എന്റെ വലതുകൈ അറുത്തെടുത്ത്‌ കശാപ്പുകടയിലെ മാട്ടിറച്ചികള്‍ക്കൊപ്പം തൂക്കി.
ഇനി, അവളെ സ്നേഹിച്ച..അവളെ മാത്രം സ്നേഹിച്ച എന്റെ ഹൃദയം;അത് ഞാനെന്തു ചെയ്യണം??? ഞാനെന്റെ മാറ് കുത്തിത്തുരന്ന്‍ ഹൃദയമെന്നു പറയുന്ന ആ ശോഷിച്ച സാധനം പുറത്തെടുത്ത് ഞെളിയന്‍ പറമ്പിലെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു.അത് വഴി വന്ന തെരുവ് പിള്ളേര്‍ അത്യാര്‍ത്തിയോടെ അത് കടിച്ചു കീറി ഒരു നേരത്തെ വിശപ്പടക്കി.
എനിക്ക് സമാധാനമായി..അവളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നും തന്നെ ബാക്കിയില്ല. ഇനിയെനിക്കവളെ മറക്കാം.
ഞാന്‍ തിരിഞ്ഞ് നടക്കവേ പുറകില്‍ നിന്നാരോ ചോദിച്ചു “ഇന്ന് വാലന്റൈന്‍സ് ദിനമായിട്ട് എന്താ ഒറ്റയ്ക്ക് നടക്കുന്നത്?അവളെവിടെപ്പോയി?”

6അഭിപ്രായങ്ങള്‍

Filed under കഥ, പ്രണയം

അമ്മുക്കുട്ടി അത് പറയില്ല

എടി അമ്മൂ..

താഴെ നിന്ന്‍ അമ്മയുടെ ശബ്ദം.

അവള്‍ മെല്ലെ എഴുന്നേറ്റ് കോണിപ്പടികളിറങ്ങി.

അമ്മ ചോറ് വിളമ്പി വച്ചിടുണ്ട്.അതിനുമുന്നില്‍ ചെന്നിരുന്നു.

അമ്മൂ , ഞാന്‍ വക്കീലിനെ കണ്ടിട്ടാ വരുന്നത്.ഒന്നും കണ്ടില്ലെന്നു പറയുന്നതാ നല്ലതെന്നാ അയാളുടെ അഭിപ്രായം.

 അച്ഛാ ,കണ്ട സത്യമെല്ലാം ഞാന്‍ പറയും.എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല.

അച്ഛന്‍ പറയുന്നത് കേട്ടോ അസത്തെ…അമ്മ കൈയ്യോങ്ങി.

വേണ്ട,അവളെ നിര്ബന്ധിക്കേണ്ട.അവളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ.പതിവുപോലെ അച്ഛന്‍ രക്ഷയ്കെത്തി.

ഒന്നേയുള്ളൂ എന്ന് പറഞ്ഞിട്ടെന്താ കാര്യം,മറ്റുള്ളവര്ക്ക് ഒരു മനസമാധാനവും തരില്ലാന്ന്‍ ഉറപ്പിച്ച് ഇറങ്ങിയിരിക്കുവാണെല്ലോ..അല്ലെങ്കില്‍ ആ ഹോസ്റ്റലില്‍ എത്രപേരുണ്ടായിരുന്നതാ, എന്നിട്ട് ഇവള്ക്ക് മാത്രമല്ലേ ഇതിനൊക്കെ പോയി സാക്ഷിയാവാന്‍ തോന്നിയത്‌.. അമ്മക്ക് പിന്വാ‍ങ്ങാന്‍ ഭാവമില്ലായിരുന്നു.

അവള്‍ പാത്രം നീക്കിവെച്ച് എഴുന്നേറ്റു. കോണിപ്പടികള്‍ കയറാന്‍ തുടങ്ങവേ അച്ഛന്‍ അമ്മയെ ശാസിക്കുന്നത് കേട്ടു.

എല്ലാത്തിനും അവളെ ഇങ്ങനെ കുറ്റപ്പെടുത്തരുത്.അവളെന്തു ചെയ്തിട്ടാ?

കോണിപ്പടികള്‍ കയറി മുകളിലെ തന്റെ മുറിയിലേക്ക്‌ ചെന്ന്‍ ലൈറ്റിട്ട്, വാതില്‍ അകത്തുനിന്നും കൊളുത്തിട്ടു. മേശയില്നിന്ന്‍ ഡയറിയും പേനയും എടുത്ത്‌ എഴുതിത്തുടങ്ങി…

“നാളെയാണ് കോടതിയില്‍ ഹാജരാവേണ്ടത്.എന്റെ കോടതിയില്‍ അവള്‍ തെറ്റുകാരിയാണ്.ഞാന്‍ മാത്രമാണ് ദൃക്സാക്ഷി.ഞാനെന്റെ മനസാക്ഷിയെ വഞ്ചിക്കില്ല.അമ്മുക്കുട്ടി നിയമത്തിനുമുന്നില്‍ സത്യം പറയും.കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ… ” ഡയറിയും പേനയും മേശയിലെക്കിട്ട് അവള്‍ ലൈറ്റണച്ചു.തനിക്കിന്ന്‍ ഉറങ്ങാന്‍ കഴിയില്ലെന്ന്‍ അറിഞ്ഞുകൊണ്ടുതന്നെ.

 ആ രാത്രി നടന്ന സംഭവങ്ങള്‍ അവള്ക്കൊരു ഷോക്കായിരുന്നു.ദിവസങ്ങളോളം ഉറങ്ങാന്‍ കഴിഞ്ഞില്ല.കണ്ണടക്കുമ്പോള്‍ ചിതറിയ തലമുടിയും തറയില്‍ മുഴുവന്‍ ഒഴുകിപ്പരക്കുന്ന ചോരയും മുന്പില്‍ തെളിയും.കണ്ടതൊന്നും ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം കണ്ണ്മുന്നില്‍ തെളിഞ്ഞു നില്ക്കുന്നു.

 സത്യം പറഞ്ഞാല്‍ വീട്ടില്‍ ഒറ്റക്കിരുന്ന്‍ ബോറടിച്ചിട്ടാ വെക്കേഷന്‍ തീരുന്നതിന് മുന്പേ ഹോസ്റ്റലിലേക്ക് തിരിച്ച്‌ പോയത്. ഹോസ്റ്റലില്‍ ചെന്നപ്പോള്‍ കൂട്ടുകാരികളാരും എത്തിയിട്ടില്ല.വാര്ഡുന്മാരുമില്ല.താഴത്തെ റൂമില്‍ പത്താം ക്ളാസില്‍ പഠിക്കുന്ന കൊച്ചുണ്ടെന്ന്‍ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞെങ്കിലും,അവിടെ ആരെയും പരിചയമില്ലാത്തതിനാല്‍ അതാരാണെന്ന്‍ നോക്കാന്‍ പോയില്ല.കട്ടിലില്‍ ഉറക്കം കാത്ത് കിടക്കുകയായിരുന്നു.പെട്ടന്നാണ് താഴത്ത് നിന്ന്‍ ഒരു കരച്ചില്‍ കേട്ടത്.പിന്നാലെ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിലും.ഓടി താഴോട്ട് ചെന്നു.വീണ്ടും കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ മനസിലായി അത് ബാത്ത്റൂമില്‍ നിന്നാണെന്ന്.

തറയിലൂടെ ഒഴികികൊണ്ടിരിക്കുന്ന ചോര.ഒരു പെണ്കുട്ടി അതിലിരിക്കുന്നു.അടുത്തുതന്നെ ബക്കറ്റിനകത്ത് ഒരു കൊച്ചുകുഞ്ഞുമുണ്ട്.അവളതിന്റെ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്നു.തനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റും മുന്പ് ആ ക്രൂര ആ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നിരുന്നു.

 എന്തിനാ ഈ കൊച്ചിനെ കൊന്നത്?ഇതിനെവിടന്ന്‍ കിട്ടിയതാ?

അതില്‍ കൂടുതലെന്തെങ്കിലും ചോദിച്ചോന്നു ഇന്നും ഓര്മ്മയില്ല.

ബോധം വന്നപ്പോള്‍ ഒരു കട്ടിലില്‍ കിടക്കുകയാണ്,പുറത്തുനിന്നും ഭയങ്കര ബഹളം കേള്ക്കാം.ജനാലയിലൂടെ പുറത്തോട്ട് നോക്കി.പുറത്ത് പത്രക്കാരും നാട്ടുകാരുമൊക്കെ കൂടിയിട്ടുണ്ട്.പെട്ടന്ന് പൊലീസ്‌ ഇന്സ്പെക്ടര്‍ അകത്തേക്ക് കയറി വന്ന്‍,കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു.ഞാന്‍ പിന്നാലെ നടന്നു.മറ്റൊരു റൂമിനകത്ത് കയറി .ആ കൊലപാതകി, അവളതാ അവിടെ ഒരു കൂസലുമില്ലാതെ നില്കുന്നു.പാറിപ്പറന്ന തലമുടി,ശരീരത്തിന്റെ‍ പലഭാഗങ്ങളിലും ചോരപ്പാടുകള്‍ കാണാം.അരയ്ക്ക് താഴോട്ട്,അണക്കെട്ട് പൊട്ടിയോഴികിയതുപോലെ…മുഴുവനും ചോരയില്‍ കുളിച്ച് കിടക്കുന്നു.കണ്ടാല്‍ ഒരു യക്ഷിയെപ്പോലെ.

നീ എന്തൊക്കെയാ കണ്ടത്‌?പോലീസ് ഇന്സ്പെക്ടര്‍ ചോദിച്ചു. കണ്ടതെല്ലാം താന്‍ പറഞ്ഞുകൊടുത്തു.ഒരു പോലീസുകാരന്‍ അതൊക്കെ എഴുതിയെടുത്തു.അതിനടിയില്‍ ഒപ്പിടാന്‍ പറഞ്ഞു.താനത് അനുസരിച്ചു.അവളേയും കൂട്ടി അവര്‍ നടന്നു നീങ്ങി.ആളുകളൊക്കെ പിരിഞ്ഞു പോയപ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ അടുത്തേക്ക്‌ വന്നു.അയാള്‍ പറഞ്ഞ വിവരങ്ങളൊക്കെ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.

ഡോക്ടറുടെയും മറ്റാരുടെയും സഹായമില്ലാതെ,അതും പത്താം ക്ളാസ്സില്‍ പടിക്കുന്ന ഒരു കുട്ടിക്ക്‌ പ്രസവിക്കാന്‍ കഴിയുമോ എന്നതിനെകുറിച്ച് ഹോസറ്റലില്‍ പലതവണ ചര്ച്ച നടന്നു.ഇതൊക്കെ നടന്ന്കൂടായ്കയില്ല എന്നല്ലാതെ വ്യക്തമായ ഉത്തരത്തില് ‍എത്തിച്ചേരാന്‍‍ ആ മേഖലകളിലെ വിജ്ഞാന കോശങ്ങളായിട്ടുള്ളവര്ക്ക് പോലും സാധിച്ചില്ല. എന്തായാലും ഈ കൊലപാതകത്തിനാണ് നാളെ താന്‍ സാക്ഷി പറയാന്‍ പോകുന്നത്.

##########################

ഒരു മണിക്കൂര്‍ മുന്പേെ തന്നെ അവളും അച്ഛനും കോടതിയിലെത്തി.

കറുത്ത കോട്ടിട്ട വവ്വാലുകളെല്ലാം കൂട്ടമായും അല്ലാതെയും പറന്നുവന്നുകൊണ്ടിരിക്കുന്നു.കുറച്ച് നിമിഷങ്ങള്‍ കൂടെ കഴിഞ്ഞാല്‍ ദൈവത്തിന്റെ് പ്രതിപുരുഷന്‍ കുറ്റവാളികള്ക്കു നേരെ നിയമത്തിന്റെ‍ ചാട്ടവാര്‍ വീശും.നിരപരാധികള്‌ക് നേരെ നീതിയുടെ വെളിച്ചവും.

അവള്‍ ഓരോന്ന്‍ ചിന്തിച്ച് നില്കവേ രണ്ട് സ്ത്രീകള്‍ അവളുടെ അടുത്തേക്ക്‌ വന്നു. എന്താ എന്ന ഭാവത്തില്‍ അവള്‍ അവരെനോക്കി.

ഞാന്‍ സിസിലിയുടെ അമ്മയാ..

ഏതു സിസിലി? അവള്ക്ക് മനസിലായില്ല.
അത്.. അന്ന്‍ ആ ഹോസ്റ്റലിലെ…എന്റെ മോള്.. എന്റെ മോളൊരു പാവമാ..അവളറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല..ആ സ്ത്രീ കരയാന്‍ തുടങ്ങി.

കുറച്ച് നേരത്തേക്ക്‌ അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അപ്പോഴേക്കും അടുത്ത്‌ നില്കുറന്ന സ്ത്രീ സംസാരിച്ച് തുടങ്ങി.

ഞാനിവരുടെ ചേച്ചിയാ,സിസിലി എന്റെ വീട്ടില്‍ താമസിക്കാന്‍ വന്നതായിരുന്നു….എന്റെ മോനാ,അവന്റെ പണിയാ.. അവന്‍ കള്ളുകുടിച്ച് വന്നിട്ടാ…അല്ലാതെ അവളൊന്നും ചെയ്തിട്ടല്ല.അവള്‍ പേടിച്ചിട്ട് ഞങ്ങളോടുപോലും ഒന്നും പറഞ്ഞില്ല.അല്ലെങ്കില്‍ വല്ലതും ചെയ്യാമായിരുന്നു. ഇനി മോള് വിചാരിച്ചാലെ അവളെ രക്ഷിക്കാന്‍ പറ്റു..മോളവളെ രക്ഷിക്കണം…

സിസിലിയും അമ്മയും കൂടി അടുത്തേക്ക്‌ വന്നു.അവള്‍ അമ്മുവിന് നേരെ കൈകൂപ്പി.അവളെന്തോക്കെയോ പറയാന്‍ തുടങ്ങി… ചേച്ചീ,എന്നെ രക്ഷിക്കണം…അവള്‍ കരഞ്ഞുകൊണ്ട് അമ്മുവിന്റെര കാലില്‍ വീണു. അമ്മുക്കുട്ടി അവളെ പിടിച്ചെഴുന്നെല്പിച്ച് നെറ്റിയില്‍ ഉമ്മവെച്ചു എന്നിട്ട് ചെവിയില്‍ പറഞ്ഞു മോള് പേടിക്കേണ്ട അമ്മുക്കുട്ടി ഒന്നുപറയില്ല .

11അഭിപ്രായങ്ങള്‍

Filed under കഥ

ഇടനാഴികളിലൂടെ..

ഞാൻ ഇടനാഴികളിലൂടെ നടന്നു.ഒച്ചയനക്കങ്ങളൊന്നും കേൾക്കാനില്ല.എങ്ങും ഭയാനകമായ നിശബ്ദത തളം കെട്ടിക്കിടക്കുന്നു.ഇടനാഴികളിൽ വെള്ളിക്കൊലുസിന്റെ കിലുക്കങ്ങൾ കേൾക്കാനില്ല.കാമുകീകാമുകന്മാരുടെ നിശബ്ദ പ്രണയരംഗങ്ങളില്ല.കൂട്ടം കൂടി നിന്ന് വെടി പറയുന്ന ഗാങ്ങുകളില്ല,ഗാങ്ങ്ഫൈറ്റുകളുമില്ല.ജൂനിയർ പെൺപിള്ളേരെ ചാക്കിലാക്കാൻ നടക്കുന്ന,പഞ്ചസാരയുടെ മുഖ്യ ശ്രോതസ്സുകളായ ചേട്ടന്മാരുമില്ല.ഓർക്കുട്ടിന്റെ മാസ്മരിക ലോകത്തെത്തി,തന്റെ സുഹൃത്തുക്കളോട്‌ കൊഞ്ചാനും ആവലാതികൾ പങ്കുവെക്കാനും വേണ്ടി നെറ്റ്‌ ലാബിനുമുന്നിൽ കുത്തിയിരിപ്പ്‌ സത്യാഗ്രഹം നടത്തുന്ന ഓർക്കുട്ട്‌ സന്യാസിമാരേയും കാണാനില്ല.തെയിലക്കാടുകളുടെ മറപിടിച്ചിരുന്ന് സിഗററ്റ്‌ വലിക്കുകയും കോളേജ്‌ അടപ്പിക്കാനുള്ള പുതിയ മാർഗത്തെക്കുറിച്ച്‌ വാചാലരാകുകയും ചെയ്യുന്ന അത്യാധുനിക വിപ്ലവ സഖാക്കന്മാരേയും കാണാനില്ല.

അല്ല ഇനിയാരെങ്കിലും ചിതലെടുത്ത്‌ പൊളിഞ്ഞു വീഴാറായ ആ ലൈബ്രറിയിൽ ഉണ്ടാകുമോ..?

ഇല്ല,ചിതലരിച്ച പുസ്തകങ്ങളും എട്ടുകാലി വലകളുമല്ലാതെ അവിടെ മറ്റൊന്നുമില്ല… ഇനി ഇന്നു വല്ല പൊതു അവധിയുമാണോ??എന്തായാലും ആ കാന്റീൻ വരെ ഒന്നു പോയി നോക്കാം.

അവിടെ സംഭവിച്ചേക്കാൻ സാധ്യതയുള്ള ഒരു സംഭാഷണം.

 

->ചേട്ടാ, ഇന്ന് വല്ല ഹോളീഡേയുമാണോ?ആരേയും കാണാനില്ലെല്ലോ?

< -അതൊന്നുമല്ല മോനേ,നാളെ ഇവിടെ ആർട്ട്സ്ഫെസ്റ്റിവലാ..നാളെ കഴിഞ്ഞ്‌ പിന്നെ ശനിയും ഞായറും..അതുകൊണ്ട്‌ എല്ലാവരും ഇന്നലയേ വീട്ടിൽ പോയി..

->ഹും

<-മോനേതാ,മുൻപ്‌ ഇവിടെ കണ്ടിട്ടില്ലെല്ലോ? -ചേട്ടൻ അറിയാൻ വഴിയില്ല.ഞാൻ കുറച്ച്‌ കാലം മുൻപ്‌ ഇവിടെ പഠിച്ചതാ..അന്നിവിടെ ചേട്ടനില്ലായിരുന്നു..

 

ഞാൻ വീണ്ടും ഇടനാഴിയിലൂടെ നടന്നു…ഇടനാഴികളിൽ സ്പന്ദനങ്ങളൊന്നുമില്ല…. പൊട്ടിയ കുപ്പിവളകളും വാടി വീണ മുല്ലപൂക്കളും പാതിയിലുപേക്ഷിച്ച മുറി ബീഡികളും, പിന്നെ നമുക്കു മുൻപേ കടന്നുപോയവർ അവശേഷിപ്പിച്ച കലാലയം എന്ന വാക്കും അതിന്റെ ചില ഓർമ്മകളും ഓർമ്മപ്പെടുത്തലുക്കളും മാത്രം.

4അഭിപ്രായങ്ങള്‍

Filed under കോളേജ്‌

എന്റെ കലാലയം

 

 

 

 

 

 

 

 

എന്റെ കലാലയമേ,
ഞാൻ യാത്രയാവുന്നു
യാത്ര പറയാൻ വയ്യ
അത്രമേൽ തീവ്രമാം വാക്കുകളുടെ
ദാരിദ്ര്യം എന്നെ കീഴ്പ്പെടുത്തുന്നു…
കരയുവാൻ വയ്യ,
അത്രമേൽ നിർമലമാം കണ്ണീരിന്‌
ഞാൻ അർഹനല്ല..
പിരിയുവാൻ വയ്യ,
അത്രമേൽ
സ്നേഹിച്ച്‌ പോയി
ഞാൻ അറിയാതെ..

തിരിഞ്ഞു നോക്കാൻ വയ്യ,
എനിക്കും പോകണം…

ഇനി നമ്മളില്ല,
ഞാനും നീയുമെന്ന
യാഥാർത്ഥ്യം മാത്രം…
ഈ രാവുമായുമ്പോൾ
യാഥാർത്ഥ്യമെന്ന ശത്രുവിന്‌
ഞാൻ കീഴടങ്ങും…
അതിനുമുൻപ്‌ ഞാനിറക്കിവെക്കട്ടെ
എന്റെ സന്തോഷങ്ങൾ…
ആരും അറിയാത്ത(പറയാത്ത)
എന്റെ പ്രണയരഹസ്യങ്ങൾ..
പ്രണയനൊമ്പരങ്ങൾ…

ഹൃദയം വാർന്നൊഴുകിയ
ചുവന്ന രക്തത്തുള്ളികൾ….
മദ്യത്തിൽ മുങ്ങിയ
സ്വബോധ രാത്രികൾ..
പുകയിൽ മൂടിയ
നിരർത്ഥക സ്വപ്നങ്ങൾ..
രാത്രിയുടെ ഇരുണ്ട
യാമങ്ങളിലെവിടെയോ
നഷ്ടപ്പെട്ട വെളുത്തപാടുകൾ..

2അഭിപ്രായങ്ങള്‍

Filed under kavitha